LinkedIn Profile

2019, സെപ്റ്റംബർ 12, വ്യാഴാഴ്‌ച

അനാഥമാകുന്ന സനാഥബാല്യങ്ങൾ


അനാഥമാകുന്ന സനാഥബാല്യങ്ങൾ


മൂന്നാം ക്ലാസ്സിലെ ടീച്ചർകുട്ടികളോട് പറഞ്ഞു. നിങ്ങളുടെ മനസ്സിലെ ഏറ്റവും വലിയ ആഗ്രഹം എന്തെന്ന് വിവരിച്ച് ഒരു പേജ് എഴുതുക. കുട്ടികൾ എഴുതികൊടുത്ത കടലാസുകൾ ടീച്ചർ രാത്രിയിൽ വായിച്ചു. ഒരെണ്ണം വായിച്ചപ്പോൾ വികാരംകൊണ്ട്  അവർക്ക് ശ്വാസംമുട്ടി. അറിയാതെ കണ്ണീർ വാർന്നു.
ഈ സമയം യാദൃച്ഛികമായി മുറിയിൽ വന്ന ഭർത്താവ് :
 " എന്ത് പറ്റിഎന്തിനാ കരയുന്നത്?"
" ദാ ഇതൊന്ന് വായിക്കൂ . ഒരു കുട്ടിയെഴുതിതന്നതാണ് .”
 അദ്ദേഹവും വായിച്ചു. കുട്ടിയുടെ ഏറ്റവും വലിയ ആഗ്രഹം ഇങ്ങനെ പോയി.
'എനിക്ക് ടെലിവിഷൻ ആകണം. എൻ്റെ വീട്ടിലെ ടിവിയുടെ സ്ഥാനത്ത് എനിക്ക് ഇരിക്കണം.എൻ്റെതുമാത്രമായി വിശേഷസ്ഥാനം. വീട്ടിലെ എല്ലാവരും എൻ്റെ ചുറ്റിനും വരും. ഞാൻ പറയുന്നത്  ശ്രദ്ധയോടെ കേൾക്കും. എന്നെ എല്ലാവരും ശ്രദ്ധിക്കും. ഞാൻ പറയുന്നതെല്ലാം തടസ്സപ്പെടാതെ കേൾക്കും. ഒരു ചോദ്യം പോലും എന്നോട് ചോദിക്കില്ല. പ്രവർത്തിക്കാത്തപ്പോൾ പോലും എന്ത് വിശേഷശ്രദ്ധയായിരിക്കും എനിക്ക് കിട്ടുന്നത്! എനിക്ക് അച്ഛൻ്റെ കൂട്ട് കിട്ടും. വൈകിട്ട് എത്ര തളർന്നു വന്നാലും അച്ഛൻ  എൻ്റെയടുത്തു വന്നിരിക്കും. അമ്മയ്ക്കു സങ്കടമോ പ്രയാസമോ വരുമ്പോൾ പോലും എന്റെ അടുത്തുവരും. ഇപ്പോഴത്തെപ്പോലെ എന്നെ ശ്രദ്ധിക്കാതിരിക്കില്ല. എൻ്റെയടുത്തിരിക്കാൻ എൻ്റെ ചേച്ചിയും അനിയനും തമ്മിൽ മത്സരിക്കും .മറ്റെല്ലാം മറന്ന്  വീട്ടിലെ എല്ലാവരും ഏതു സമയത്തും എന്നോടൊപ്പമുണ്ടാവും. ഏറ്റവും വലിയ സൗകര്യം അവരെയെല്ലാം ഒന്നിച്ച് രസിപ്പിച്ച് സന്തോഷിപ്പിക്കാൻ എനിക്ക് കഴിയുമെന്നതാണ്. എനിക്ക് വലിയ ആഗ്രഹങ്ങളൊന്നുമില്ലവെറും ടീവി ആയാൽ മതി.’

വായിച്ചുതീർന്നപ്പോൾ അദ്ദേഹം പറഞ്ഞു : " എൻ്റെ ദൈവമേഏത് പാവം കുട്ടിയാണിത്?. എങ്കിലും അവന്റെ അച്ഛനമ്മമാർ കടുപ്പക്കാർ തന്നെ." ടീച്ചർ തലയുയർത്തി ഭർത്താവിനെ നോക്കിപറഞ്ഞു : " ഇത് നമ്മുടെ മകൻ എഴുതിയതാണ്".
ദൈനംദിന ജീവിതത്തിലെ തിരക്കുകളിൽ ഒന്നിച്ചിരുന്ന് ഭക്ഷിക്കാനോഒന്നിച്ചിരുന്ന് സംസാരിക്കാനോ കഴിയാത്ത കുടുംബങ്ങൾ ഇന്ന് വർദ്ധിച്ചുവരികയാണ് . വളർന്നുവരുന്ന സാമ്പത്തിക പ്രതിസന്ധിയും ജോലി ചെയ്യുന്ന മേഖലയിലെ സമ്മർദ്ദങ്ങളുംജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള തത്രപ്പാടുംപല മാതാപിതാക്കൾക്കും തങ്ങളുടെ മക്കളുടെ വൈകാരിക-മാനസിക ആവശ്യങ്ങൾ പരിഗണിക്കുന്നതിൽ നിന്നും ശ്രദ്ധമാറ്റുന്നു. എന്നാൽ ശാരീരിക-ഭൗതിക ആവശ്യങ്ങൾ നിറവേറ്റുന്നതിൽ പ്രത്യേക ശ്രദ്ധ അവർ പുലർത്തുന്നുണ്ട്. അതുകൊണ്ട് തന്നെ തന്റെ കുട്ടിയുടെ ആവശ്യങ്ങൾ എല്ലാം ഞാൻ നടത്തുന്നു എന്നൊരു വിശ്വാസവും അവരുടെയുള്ളിൽ ഉണ്ടാവുന്നു

അമേരിക്കൻ മനഃശാസ്ത്രജ്ഞനായ  എബ്രഹാം മാസ്‌ലോ തന്റെ 'തിയറി ഓഫ് ഹ്യൂമൻ മോട്ടിവേഷനിൽ ' (1943) മനുഷ്യന്റെ ആവശ്യങ്ങളുടെ ശ്രേണി ഒരു പിരമിഡ് പോലെ അവതരിപ്പിച്ചിട്ടുണ്ട് . അതിൽ ശാരീരിക ആവശ്യങ്ങളും സുരക്ഷിതത്വവും അടിസ്ഥാന രണ്ട്‌ ആവശ്യങ്ങളായി തരംതിരിച്ചിരിക്കുന്നു. മൂന്നാമത്തെ പടിയാണ് കുടുംബവും സുഹൃത്തുക്കളും . ആദ്യത്തെ രണ്ടുപടികൾ ഒരു ശരാശരി മനുഷ്യൻ സുഖമായി തരണം ചെയ്യുന്നുപക്ഷെ പലപ്പോഴും ഈ മൂന്നാമത്തെ പടിയിൽ വിജയം കൈവരിക്കാൻ പലർക്കും സാധിക്കാതെ പോകുന്നു. കുടുംബത്തിലും സുഹൃത്ബന്ധങ്ങളിലും വിജയിക്കാൻ കഴിഞ്ഞെങ്കിൽ മാത്രമേ ആത്മാഭിമാനവും,ആത്മവിശ്വാസവുംപരസ്പര ബഹുമാനവും നിലകൊള്ളുന്ന Self Esteem ന്റെ നാലാം പടി കടക്കാൻ സാധിക്കൂ . ഇവിടേയും വിജയിച്ചെങ്കിൽ മാത്രമേ ആത്മ സാക്ഷാത്കാരത്തിൻ്റെ അഞ്ചാം പടിയിൽ എത്തുകയുള്ളൂ.

മക്കളുടെ ആദ്യത്തെ രണ്ട് അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിൽ പല മാതാപിതാക്കളും ഇന്ന് ശ്രദ്ധാലുക്കളാണ് എന്നാൽകുട്ടികളുടെ വൈകാരികവും മാനസികവും ആയ കാര്യങ്ങളിൽ നാം വരുത്തുന്ന വീഴ്ച അവരുടെ ബൗദ്ധികവളർച്ചയെപോലും ബാധിക്കും എന്ന് കണ്ടെത്തിയിട്ടുണ്ട് .മാതാപിതാക്കളുടെ സ്പര്ശനം കുട്ടികളുടെ തലച്ചോറിനെയും ഹോർമോണുകളെയും നല്ല രീതിയിൽ സ്വാധീനിക്കുന്നുണ്ടെന്ന് സിംഗപ്പൂർ നാഷണൽ യൂണിവേഴ്സിറ്റിയിലെ മനഃശാസ്ത്രജ്ഞനായ Schrimerന്റെ പഠനങ്ങൾ തെളിയിക്കുന്നു.
എല്ലാ അച്ഛനമ്മമാരുടെയുള്ളിലും തന്റെ മക്കളോട് ഹൃദയം നിറഞ്ഞ സ്നേഹമുണ്ടാവുംഎന്നാൽഅവ പ്രകടിപ്പിക്കുന്നതിൽ പലപ്പോഴും അവർ പിന്നോട്ട് പോകുന്നു. പ്രകടിപ്പിക്കപ്പെടാത്ത സ്നേഹത്തിന് മക്കളിൽ മാറ്റം കൊണ്ടുവരാനും സാധിക്കില്ല. ഭൂരിഭാഗം മാതാപിതാക്കളും മക്കളോടുള്ള സ്‌നേഹം പ്രകടിപ്പിക്കുന്നത് അവരെ വലിയ സ്കൂളുകളിൽ അയച്ചുംഭക്ഷണം വസ്ത്രം തുടങ്ങി അവർക്കിഷ്ടപ്പെട്ടത് വാങ്ങി നല്കിയുമാണ് .എന്നാൽ,ഈ ആവശ്യങ്ങൾക്ക് പുറമെ അവർ ആഗ്രഹിക്കുന്ന ചിലതുണ്ട്. അത് മാതാപിതാക്കളുടെ സ്നേഹപ്രകടനങ്ങളാണ് . ഒന്ന് കെട്ടിപിടിക്കുകഒരുമ്മ ലഭിക്കുക,തെറ്റ് ചെയ്യുമ്പോൾ  തെറ്റ് ചൂണ്ടികാട്ടി (കുറ്റം  പറയുന്നതുംഅയൽവീട്ടിലെ കുട്ടിയുമായി താരതമ്യപെടുത്തലും  അല്ലതെറ്റ് എന്തുകൊണ്ട് തെറ്റായി എന്നറിയാനുള്ള അവകാശം കുട്ടിക്കുണ്ട്. ) " സാരമില്ല ഇനിയിതാവർത്തിക്കരുത് " എന്നുള്ള ചെറുശാസനകളിൽ ഒതുങ്ങുന്ന ശിക്ഷണങ്ങളുമാണ്. സ്നേഹത്തോടെ തെറ്റ് പറഞ്ഞു മനസ്സിലാക്കിയാൽ കുട്ടികൾ നമ്മോട് കൂടുതൽ അടുക്കുകയും തെറ്റ് ആവർത്തിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യും.
ആദ്യം പറഞ്ഞ കഥ പോലെ വീട്ടിലെ ടിവിയാകാൻസ്മാർട്ട്ഫോണാകാൻഅസുഖം വരുമ്പോൾ കിട്ടുന്ന സ്നേഹത്തിനും പരിലാളനത്തിനുമായി ഒരു പനിവരാൻ കാത്തിരിക്കുന്ന അനേകം ബാല്യങ്ങൾ നമുക്കിടയിലുണ്ട്. മക്കളുടെ സ്നേഹത്തിനായി കൊതിക്കുന്ന ഒരായിരം മാതാപിതാക്കളുമുണ്ട്. കൊടുക്കുന്ന സ്നേഹം പതിന്മടങ്ങായി തിരിച്ചു ലഭിക്കുന്ന ഒരേ ഒരു സ്ഥലമേ ഈ ഭൂമിയിൽ ഉള്ളൂഅത് നമ്മുടെ കുടുംബമാണ്. ഒന്ന് മനസ്സിലുള്ള സ്നേഹം പ്രകടിപ്പിച്ചു നോക്കുകഒന്ന് തുറന്ന് സംസാരിച്ചു നോക്കുകമാറ്റം കാണാം വ്യക്തികളിലും കുടുംബങ്ങളിലും .

ഒരു ശിശുവിന്റെ ശാരീരിക- മാനസിക വളർച്ചയിൽ അവന്റെ മാതാപിതാക്കളുടെ 'സ്പർശനത്തിനുംചുംബനത്തിനും കേൾക്കുവാനുള്ള മനസ്സിനുമുള്ള സ്ഥാനം അവന്റെ മരണം വരെ വിലപ്പെട്ടതും അത്യന്താപേഷിതവുമാണ്. കൗമാരകാലഘട്ടം വളരെ ആകാംക്ഷ നിറഞ്ഞതും നിരവധി പരീക്ഷണങ്ങൾക്ക് മുതിരുന്നതുമായ സമയമാണ്. ഈ പ്രായത്തിലാണ് മാതാപിതാക്കൾ അവരുടെ സ്നേഹവും സമയവും കൂടുതലായി അവർക്ക് നൽകേണ്ടത്. നമ്മൾ സ്‌നേഹിക്കുന്ന നമ്മളെ സ്നേഹിക്കുന്ന വ്യക്തികളുടെ സ്പര്ശനം ഇരുകൂട്ടരിലും oxytocin എന്ന ഹോർമോണിന്റെ ഉത്പാദനത്തിന് കാരണമാകുന്നുവെന്നുംഅവ മനുഷ്യന്റെ ഉത്കണ്ഠയും വിഷാദവു കുറക്കുമെന്നും ശാസ്ത്രീയമായ പഠനങ്ങൾ തെളിയിക്കുന്നു. അതുകൊണ്ട് സ്നേഹത്തോടെയുള്ള സ്പർശനങ്ങളെ അവർക്കിടയിലേക്ക് തിരിച്ചുകൊണ്ടുവരേണ്ടിയിരിക്കുന്നു.

ഏത് പ്രതിസന്ധി ഘട്ടത്തിലും മാതാപിതാക്കളുടെ സമയോചിതമായ ഇടപെടൽ കുട്ടികളിൽ കാര്യമായ മാറ്റം കൊണ്ടുവരാൻ അത്യാവശ്യമാണ്. കുട്ടികളുടെ ആവശ്യങ്ങളെല്ലാം സാധിച്ചു കൊടുക്കുക എന്നതല്ല സ്നേഹപ്രകടനത്തിൻ്റെ അർത്ഥം. അവന് അല്ലെങ്കിൽ അവൾക്ക് പ്രായത്തിനനുസരിച്ചുള്ള ഭൗതിക-മാനസിക-വൈകാരിക ആവശ്യങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കുക എന്നതാണ്. വിശ്വസ്തരായ കൂട്ടുകാരെയാണ് അവർക്ക് ആവശ്യം അത് മാതാപിതാക്കൾ തന്നെയാണെന്ന് ഉറപ്പുവരുത്താൻ നമുക്ക് സാധിക്കണം . എന്തും തുറന്ന് ആവശ്യപ്പെടാനും പങ്കുവെക്കാനുമുള്ള അവസരമാണ് അവിടെ നാം കുട്ടിക്ക് തുറന്ന് കൊടുക്കുന്നത്.
ഈ അടിസ്ഥാന സ്നേഹപ്രകടനങ്ങൾ കിട്ടാതെ പോകുന്നിടത്താണ് കുട്ടികൾ അവ ലഭിക്കുന്ന മറ്റു മാർഗങ്ങളിലേക്ക് തിരിയേണ്ടിവരുന്നത്. അവിടെയെല്ലാം നമ്മുടെ കുട്ടികളെ വീഴിക്കാനുള്ള ചതികുഴികൾ അനേകമാണ്. സനാഥരായിട്ടും അനാഥരായി ജീവിക്കുന്നു എന്നൊരു തോന്നൽ അവരിൽ ഉണ്ടാവുകയും അത് തലച്ചോറിനെയുംഅവരുടെ പ്രവർത്തികളെയും ദോഷകരമായി ബാധിക്കുന്ന വിഷാദത്തിലേക്ക് കടന്നുചെല്ലുകയും ചെയ്യാം.
കൗമാരപ്രായത്തിലായിരിക്കുന്ന കുട്ടികളുടെ  മാതാപിതാക്കൾ തമ്മിലുള്ള പരസ്പരമുള്ള സ്നേഹപ്രകടനത്തിനും ബഹുമാനത്തിനും കുട്ടികളുടെയിടയിൽ വലിയ മാറ്റം കൊണ്ട് വരാൻ കഴിയും. മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന മോഹൻലാൽ ചിത്രംമാതാപിതാക്കളുടെ സ്നേഹം കണ്ടുവളരുന്ന കുട്ടികളിലെ നല്ല മാറ്റം വ്യക്തമായി കാണിക്കുന്നുണ്ട്.
അമ്മയുടെ കണ്ണുകൾക്കും അപ്പന്റെ കൈകൾക്കും ചരിത്രം സൃഷ്ടിക്കാൻ ആകുമെന്ന് നാം മനസ്സിലാക്കണം.സ്കൂളിൽ നിന്നും പുറത്താക്കിയ തന്റെ കുട്ടിയെ സ്നേഹപരമായ ഇടപെടൽ കൊണ്ട്തോമസ് ആൽവാ എഡിസൺ എന്ന ശാസ്ത്രജ്ഞനാക്കി ലോകത്തിന് സമ്മാനിക്കാൻ അദ്ദേഹത്തിന്റെ അമ്മക്ക് കഴിഞ്ഞെങ്കിൽനമ്മുടെ മക്കളെ അവർ സ്വപ്നം കാണുന്ന തലത്തിൽ ഉയർത്തിക്കൊണ്ടുവരാൻ എല്ലാ മാതാപിതാക്കൾക്കും കഴിയും.
അതിന് മക്കളെ ഒന്ന് അടുത്തറിയാൻ ശ്രമിച്ചു നോക്കുക. ഇന്നലെ വരെ നമ്മൾ കണ്ട കുട്ടികൾ ആയിരിക്കില്ല അപ്പോൾ നാം കാണാൻ പോകുന്ന കുട്ടികൾ.
അവർക്ക് പറയാൻ ഒരുപാട് കാര്യങ്ങൾ ഉണ്ടാകും. തുറന്ന് സംസാരിക്കുകഇന്നലെവരെ പറഞ്ഞ കഥകളായിരിക്കില്ല ഇനിയവർക്ക് പറയാനുള്ളത്.
ഒന്ന് വാരിപുണർന്ന് നോക്കുകഇന്നലവരെയുള്ള അപ്പനും അമ്മയുമായിട്ടായിരിക്കില്ല ഇനി നിങ്ങൾ പെരുമാറാൻ പോകുന്നത്...
ഞാൻ സനാഥനും സന്തുഷ്ടവാനും ആണെന്ന് ഓരോ കുട്ടിക്കും തോന്നട്ടെ. വിജയത്തിന്റെ പടികൾ അവർ ചവിട്ടി കയറട്ടെ നിങ്ങൾ ഒപ്പമുണ്ട് എന്നൊരു ധൈര്യം മതി അവന് ഏത് വെല്ലുവിളിയും നേരിടാൻ….
എല്ലാവിധ ഭാവുകങ്ങളും ......

ഈ ബ്ലോഗ് തിരയൂ