LinkedIn Profile

2016, ഡിസംബർ 21, ബുധനാഴ്‌ച

വട്ടക്കുഴിയും ഡാവിഞ്ചിയും

1•••>എന്തുകൊണ്ട് ശ്രീ. ടോം വട്ടക്കുഴിയുടെ ആവിഷ്കാര സ്വാതന്ത്ര്യം തഴയപ്പെടുന്നു ???
2•••> എന്തുകൊണ്ട് ഡാവിഞ്ചിയുടെ കലാസൃഷ്ടി അംഗീകരിക്കപെടുന്നു ???
സമകാലിക കേരളത്തിൽ വളരെയധികം ചർച്ച ചെയ്യപ്പെടുകയും, ചർച്ച ചെയ്യപ്പെടാതെ പോവുകയും ചെയ്യുന്ന രണ്ട് ചോദ്യങ്ങളാണിവ. ഒരു വ്യക്തിയുടെ ഭാവനയിൽ വിരിഞ്ഞൊരു കലാസൃഷ്ടിയെ ലോകം മുഴുവൻ അംഗീകരിക്കുകയും, മറ്റൊരു വ്യക്തിയുടെ ഭാവനയെ ഒരു ചെറുസമൂഹത്തിന് പോലും അംഗീകരിക്കാൻ കഴിയാത്തതിന്റെയും ആശയ വൈരുദ്ധ്യത ഒന്ന് ഇരുത്തി ചിന്തിക്കേണ്ടത് തന്നെയാണ്.
ഒരു കത്തോലിക്കാ വിശ്വാസി എന്ന നിലയിലും ഒരു മനഃശാസ്ത്ര വിദ്യാർത്ഥി എന്ന നിലയിലും ഈ സംഭവത്തെ വ്യത്യസ്തമായ ഒരു ചിന്തയിലേക്ക് നയിക്കാനാണ് എന്റെ ആഗ്രഹം.

(NB: വായിക്കുന്നവർ മുഴുവൻ വായിക്കണേ)

ഒരു വ്യക്തമായ ആശയത്തെ അത് റിയാലിറ്റിയായാലും, ഫാന്റസിയായാലും ആസ്വാദകനിലേക്ക് പൂർണ്ണമായി പകർന്ന് കൊടുക്കാൻ സാധിക്കുന്നിടത്താണ് കല വിജയിക്കുന്നത്. പങ്കുവെച്ച ആശയം എന്തെന്ന് കണ്ടുപിടിക്കാൻ സാധിക്കാത്ത ഒരു ആശയക്കുഴപ്പത്തിലേക്കാണ് ഒരു കലാസൃഷ്ടി പ്രേക്ഷകനെ നയിക്കുന്നത് എങ്കിൽ തീർച്ചയായും ആശയസംവേദനത്തിലെ വീഴ്ച്ച തന്നെയാണത്.
പല അഭിപ്രായങ്ങൾ അതിന്റെ പേരിൽ ഉരുത്തിരിഞ്ഞാൽ തെറ്റ് പറയാനാവില്ല. അത് ചിത്രരചനയായാലും, സിനിമയായാലും,പെയിന്റിംഗായാലും,പാട്ടും നൃത്തവുമായാലും സംഗതിയുടെ കിടപ്പ് ഇങ്ങനെതന്നെയാണ്.
സി.ഗോപൻ ചാരസുന്ദരി 'മാതാഹരി'യെക്കുറിച്ച് തയാറാക്കിയ നാടകത്തിന് വേണ്ടി ടോം വട്ടക്കുഴി രചിച്ച ചിത്രത്തിനും സംഭവിച്ചത് ഈ ആശയകൈമാറ്റത്തിലെ പാളിച്ചയാണ്.( അദ്ദേഹത്തിന്റെ മറ്റുചിത്രങ്ങൾ വളരെ ഇഷ്ടമാണ്. പക്ഷെ പ്രസ്തുത ചിത്രം ഏറെ നിരാശപ്പെടുത്തി) പക്ഷെ അതിനെ ആശയ അവ്യക്തത എന്ന പേരിൽ നിസ്സാരവത്കരിക്കാനാവില്ല. ആ പാളിച്ച വിള്ളലേല്പിച്ചത്  ഒട്ടേറെപ്പേർ വർഷങ്ങളായി കാത്തുസൂക്ഷിച്ച ഒരു മനോഹരസങ്കല്പത്തിനാണ് (സങ്കല്പം എന്ന് ഉദ്ദേശിച്ചത് ഈശോയുടെ അന്ത്യഅത്താഴത്തെ പറ്റിയുള്ള ഡാവിഞ്ചിയുടെ സങ്കല്പത്തെയാണ്, അല്ലാതെ, അന്ത്യഅത്താഴം ഒരു സങ്കല്പമല്ല). 
കത്തോലിക്കാവിശ്വാസത്തെ മനഃപ്പൂർവ്വം വൃണപ്പെടുത്തുക എന്ന ഉദ്ദേശം അദ്ദേഹത്തിന് ഉണ്ടായിരിക്കണമെന്നില്ല. എന്നാൽ അങ്ങനെ സംഭവിച്ചത് നിഷേധിക്കാനുമാവില്ല.
ഒന്നുകിൽ തന്റെ ആശയം വ്യക്തമായി അവതരിപ്പിക്കാൻ അദ്ദേഹത്തിനായില്ല, അതല്ലെങ്കിൽ അതിന്റെ പ്രേക്ഷകർക്ക് ആ സൃഷ്ടി വായിച്ചെടുക്കാനുള്ള അറിവില്ല, അതുമല്ലെങ്കിൽ എത്തപ്പെടേണ്ട കൈകളിലേക്കല്ല അത് എത്തിചേർന്നിരിക്കുന്നത്, കൂടെയുള്ള വിവരണം വായിച്ചില്ല എന്നിങ്ങനെ നിരവധി കാരണങ്ങൾ നിരത്തിയാലും ഈ ആശയക്കുഴപ്പത്തിന് കാരണം പ്രേക്ഷകനാണ് എന്നുപറഞ്ഞു ഈ തെറ്റിൽ നിന്ന് ഒഴിവാകാനാവില്ല.
കലയുടെ മായക്കൂട്ടിലേക്ക് പണ്ട് കാലത്തെപ്പോലെ  രതിയുടെയും, പ്രണയത്തിന്റെയും,നഗ്നതയുടെയും,കലാപത്തിന്റെയും, രസങ്ങൾ കൂട്ടിച്ചേർത്തെങ്കിൽ മാത്രമേ അതിന് ഭംഗിയുണ്ടാവുകയുള്ളു എന്നൊരു മിഥ്യാധാരണ കൂടുതലായി നവീനകാലഘട്ടത്തിലും ശക്തിയാർജ്ജിച്ചു നിൽക്കുന്നു.
ഈ കാഴ്ച്ചപ്പാട് തന്നെ വളരെ ദുഃഖകരമാണ്.

എന്തുകൊണ്ട് സ്ത്രീയുടെ നഗ്നതമാത്രം ചിത്രീകരിക്കപ്പെടുന്നു...???

എന്തുകൊണ്ട് പുരുഷന്റെ നഗ്നതയിലേക്ക് ആരും ഈ കച്ചവട ചിന്ത പൂശുന്നില്ല...???

എന്ന് നമ്മുടെയിടയിൽ നിന്നും ഒരു പെൺശബ്ദമുയർന്നാൽ സ്ത്രീ സൗന്ദര്യത്തെ വെറും ഉപഭോഗവസ്തുവായി കണ്ട് പാർശ്വവൽക്കരിക്കുന്ന മേഖലകൾ എല്ലാം ഉത്തരം മുട്ടിപോകും.
ഇത്തരത്തിൽ ചേർക്കപ്പെടുന്ന രസങ്ങളാണ് ഇവയുടെ വിജയം നിർണ്ണയിക്കുന്നത് എന്ന വികലമായ ചിന്ത തന്നെ മാറണം.
ഇനി, ചിത്രം എങ്ങനെ വരക്കണം, എവിടെ വരക്കണം, ആരെ വരക്കണം, എങ്ങനെ ചായം പൂശണം എന്നിങ്ങനെയൊക്കെയുള്ളത് ആവിഷ്കാര സ്വാതന്ത്രമായി വാദിക്കുന്നവരോട് :
തീർച്ചയായും അത് ആവിഷ്കാര സ്വാതന്ത്രം തന്നെയാണ് എന്നാൽ, അത് മറ്റുള്ളവരുടെ വിശ്വാസത്തെ അവഹേളിക്കുന്ന തരത്തിലാവുമ്പോഴാണ് പ്രതിക്ഷേധങ്ങൾ ഉണ്ടാവുന്നത്. (പ്രതിക്ഷേധത്തിന്റ പേരിൽ ആ ചിത്രം പ്രചരിപ്പിക്കുന്നവരോട് ശക്തമായ അമർഷമുണ്ട്)
ഒരു പെണ്ണിന്റെ മാറ് കണ്ടപ്പോഴേ കുരു പൊട്ടിയോ എന്ന് ചോദിക്കുന്ന സഹോദരന്മാരോട് :
ഇന്നലെ വരെ നിങ്ങൾ കണ്ട അമ്മയേയും പെങ്ങളേയും ആവിഷ്കാര സ്വാതന്ത്രത്തിന്റെ പേരിൽ നാളെ മാറ് മറക്കാത്തവരായി ചിത്രീകരിച്ചാലുള്ള അവസ്ഥ അനുഭവിക്കുമ്പോൾ തീരാവുന്നതെയുള്ളു നിങ്ങളുടെയൊക്കെ പ്രശ്നങ്ങൾ.
ഇനി മലയാള മനോരമയോട് :
പ്രേക്ഷകന്റെ മനസ്സറിഞ്ഞ് എന്നാൽ മാധ്യമധർമ്മം കൈവിടാതെ നിലപാടുകൾ എടുക്കുന്നതാണ് ഓരോ മാധ്യമത്തിന്റെയും കടമ. എന്നാലിന്ന് മനോരമക്ക് മാത്രമല്ല, എല്ലാ മാധ്യമത്തിനും അവരുടേതായ രഹസ്യ അജണ്ടയുണ്ട്. മനോരമ അവരുടെ അജണ്ടയുടെ സ്വാധീനം മൂലമോ അല്ലാതെയോ ആകാം ഭാഷാപോഷിണിയിൽ പ്രസ്തുത ചിത്രം പ്രസിദ്ധീകരിച്ചത്. കാരണം എന്തായാലും, ചിത്രം ഉപഭോക്താവിന് ആശയക്കുഴപ്പം സൃഷ്ടിക്കുന്നതാണോ, അവരുടെ എന്തെങ്കിലും സ്വാതന്ത്രത്തെ ഹനിക്കുന്നതാണോ എന്നൊക്കെ വിലയിരുത്തി, പ്രസിദ്ധീകരണങ്ങൾ നടത്തുക എന്നത് മനോരമയുടെ കടമയായിരുന്നു. അതിൽ സാരമായ വീഴ്ച്ച മനോരമയ്ക്ക് പറ്റിയിട്ടുണ്ട്.
ഒരുകാര്യം കൂടി, നല്ല കലാസൃഷ്ടികളെ ലോകം എന്നും കയ്യും നീട്ടി സ്വീകരിച്ചിട്ടേയുള്ളൂ....
അതിനാലാണ് ഡാവിഞ്ചിയും മൈക്കൽ ആഞ്ചലോയും ഒക്കെ സഭയിൽ അംഗീകരിക്കപ്പെട്ടതും. പ്രസ്തുത ചിത്രം തഴയപ്പെട്ടതും
കലയിൽ വെളളം ചേരാതിരിക്കട്ടെ.....
(NB : ഇത് തികച്ചും വ്യക്തിപരമായ അഭിപ്രായം മാത്രമാണ്. നിർദ്ദേശങ്ങൾ ശരിയെന്ന് തോന്നിയാൽ അംഗീകരിക്കുന്നതാണ്. )

2016, ഡിസംബർ 8, വ്യാഴാഴ്‌ച

വേരുറച്ചെങ്കിലെ മരം നന്നാകൂ

അടുത്തിടെയായി വർദ്ധിച്ചുവരുന്ന  ട്യൂഷൻ സെന്ററുകളുടെ എണ്ണം  നമ്മുടെ സ്കൂൾ വിദ്യാഭ്യാസ നിലവാരത്തെ പ്രതിഫലിപ്പിക്കുന്നുണ്ട്. കുട്ടികൾക്ക് ആവശ്യമായ ബാഗുകളും ബുക്കുകളും വലിയ വിലയിൽ വിൽക്കുന്ന വ്യാപാര സ്ഥാപനങ്ങൾ മാത്രമായി നമ്മുടെ വിദ്യാലയങ്ങൾ മാറിയോ ???
ഒന്നാം ക്ലാസ്സ്‌ മുതൽ കുട്ടികൾക്ക് ട്യൂഷൻ കൊടുക്കേണ്ടി വരുന്നെങ്കിൽ എന്തിനാണ് സ്കൂൾ വിദ്യാഭ്യാസം ???
സ്കൂൾ വിദ്യാഭ്യാസ രീതിയിൽ അടിസ്ഥാനം കിട്ടാതെ പോയ കുട്ടികളാണ് ദുരിതം അനുഭവിക്കുന്നത്. ട്യൂഷൻ ഇല്ലാതെ ജയിക്കാനാവില്ല എന്ന അവസ്ഥ എത്ര പരിതാപകരമാണ്.
മാതാപിതാക്കളും അധ്യാപകരും, എസ്.എസ്.എൽ.സി.-ക്കും 12ാം തരത്തിനും മാത്രം ശ്രദ്ധ കൊടുക്കുമ്പോൾ അടിസ്ഥാന ക്ലാസ്സുകളെ പലരും പരിഗണിക്കാൻ മറക്കുന്നു.
വേരുറച്ചെങ്കിലെ മരം നന്നാകൂ ' എന്ന കാര്യം വിസ്മരിക്കരുത്.
പ്രായോഗിക തലത്തിലുള്ള വിദ്യാഭ്യാസം ചെറുപ്പം മുതലേ കൊടുക്കാൻ സാധിക്കണം.
അടിസ്ഥാനം ഉറപ്പാക്കാതെ കുട്ടികളെ ട്യൂഷന് വിടേണ്ടി വരുന്ന അവസ്ഥ എല്ലാ കുടുംബത്തിനും തരണം ചെയ്യാവുന്ന ഒന്നല്ല. അതിനാൽ ചെറിയ ക്ലാസ്സുകളിൽ തന്നെ
ഓരോ കുട്ടിയിലേക്കും ഇറങ്ങി ചെന്നുള്ള സമഗ്രമായ വിദ്യാഭ്യാസ രീതി ആവശ്യമാണ്, അത്യാവശ്യമാണ്.
ചെറിയ ക്ലാസ്സു‌കളിലെ ഈ രീതി ആരംഭിക്കണം എന്തെന്നാൽ..

" ചെറുപ്പകാലങ്ങളിലുള്ള ശീലം
മറക്കുമോ മാനുഷനുള്ള കാലം 
കാരസ്ക്കരത്തിൻ കുരുപാലിലിട്ടാൽ
കാലാന്തരേ കയ്പ് ശമിപ്പതുണ്ടോ "

2016, നവംബർ 26, ശനിയാഴ്‌ച

ചിതറിയ ചിന്തകള്‍: ഓർമ്മകളിലെ ആ ബസ്സ് യാത്ര

ചിതറിയ ചിന്തകള്‍: ഓർമ്മകളിലെ ആ ബസ്സ് യാത്ര: അയാളെ ആദ്യമായി ഞാൻ ശ്രദ്ധിച്ച് തുടങ്ങിയത് എന്ന് മുതലാണെന്നു ഓർമ്മയില്ല .എന്തിരുന്നാലും  രോമങ്ങൾ തിങ്ങി വളർന്ന അയാളുടെ മുഖത്തിലെ കറുത്ത...

2016, ഓഗസ്റ്റ് 7, ഞായറാഴ്‌ച

പടുവൃക്ഷമാകട്ടെ സൗഹൃദങ്ങൾ

**************************
പടുവൃക്ഷമാകട്ടെ സൗഹൃദങ്ങൾ...
**************************
ഒരുനാൾ കൊണ്ടെഴുതിയാൽ തീരുന്ന
ചെറുകവിതകളല്ലല്ലോ സൗഹൃദങ്ങൾ.

ഒരുദിനം കൊണ്ടണിയിച്ചൊരുക്കിയാൽ
തീരുവതല്ലല്ലോ സൗഹൃദങ്ങൾ.

പിണങ്ങാതെ പിരിയാതെ
ഒന്നിച്ചിരിക്കാതെ പൊട്ടി-
മുളക്കുവതല്ലല്ലോ സൗഹൃദം

പലനാളും പലവുരുവും
ഒന്നിച്ചും ഭിന്നിച്ചും കെട്ടിപ്പടുക്കണം സൗഹൃദങ്ങൾ.

കാണാമറയത്തു കണ്മുന്നിൽ കാണുവാൻ കെൽപ്പുള്ളതാവണം
നിൻ സൗഹൃദം

കണ്ണീരുമായ്ക്കുവാൻ
കണ്മുന്നിൽ തെളിയുന്ന
കാരുണ്യരൂപമാകണ-
മെൻ സൗഹൃദം

ഇന്നോ നാളെയോ നാളെകഴിഞ്ഞുമോ
തീർന്നുപോകവതാവല്ല് സൗഹൃദം

നാളെയും നീളെയും നീണ്ടുനിവർന്നൊരു
പാതപോലാകണമെൻ സൗഹൃദം

തൂണിലും തുരുമ്പിലും
ഈശ്വരനുള്ളപോൽ
കണ്ണിലും കനവിലും
എൻ സൗഹൃദം

ഇനിയും മരിക്കാത്ത
ഈ രണ്ടുജന്മങ്ങൾ
കാത്തിരിക്കുന്നതും
പുതുസൗഹൃദം

മഴയിലും വെയിലിലും വാടി-
പോകാത്തൊരു പടുവൃക്ഷമാവണം
എൻ സൗഹൃദം

പല പല ശിഖരവും
പല പല ഇതളും
പല പല നാമ്പും

പലവുരു പലവുരു
പൊട്ടിമുളയ്ക്കും

പലവുരു പലവുരു
ഞെട്ടറ്റുവീഴും

എങ്കിലുമീമണ്ണിൽ പിഴുതറ്റു
പോകാത്ത പടുമരമാകട്ടെ നമ്മുടെ സൗഹൃദം.
~~~~~~~~~~~~~~~~

2016, മാർച്ച് 9, ബുധനാഴ്‌ച

മാതാ പിതാ ഗൂഗിൾ ദൈവം

നവമാധ്യമങ്ങൾ ഇന്നത്തെ സമൂഹത്തെ സാരമായി ബാധിച്ചു തുടങ്ങിയിരിക്കുന്നു. ഒന്നാം ക്ലാസ്സുകാരൻ മുതൽ പ്രായമായവരിൽ വരെ ഈ മാറ്റം നമുക്ക് കാണാം. വീടിന്റെയും സ്കൂളിന്റെയും ലോകം മാത്രം കണ്ടുവരുന്ന കുട്ടികളിൽ പുതിയൊരു ലോകം തുറന്നുകാട്ടുകയാണ് ടിവിയും,ഇന്റർനെറ്റും,സിനിമയുമൊക്കെ. ഈ ജാലകത്തിലൂടെ കാണുന്നവയൊക്കെയാണ് യാഥാർത്ഥ്യമെന്ന് പല കുട്ടികളും വിശ്വസിച്ചുപോകുന്നു. നാലാം ക്ലാസ്സുകാരന്റെ പ്രണയവും അതിരുകവിഞ്ഞ കുസൃതിയും സൃഷ്ടിച്ചെടുക്കുമ്പോൾ അത് ജീവിതത്തിന്റെ യഥാർത്ഥ ഭാഗമാണെന്ന് തെറ്റിദ്ധരിച്ച് സ്വന്തം ജീവിതത്തിൽ പ്രാവർത്തികമാക്കാൻ ശ്രമിക്കുകയാണ് നമ്മുടെ കുട്ടികൾ. ഫലമോ ? സത്യം മനസ്സിലാക്കാതെ ആരുടെയോ ഭാവനയിൽ വിരിയുന്ന ജീവിതമായി മാറും നമ്മുടെ വരും തലമുറയുടേത്. " മാതാ പിതാ ഗൂഗിൾ ദൈവം " എന്നാ മാറ്റം ഭാവിയിൽ വരാൻ പോകുന്ന മാറ്റങ്ങളുടെ മുന്നോടിയാണ്. നാമറിയാതെ നമ്മെ മാറ്റുന്ന ഈ അപകടങ്ങളെ തിരിച്ചറിയാൻ അവർക്കായി എന്നുവരില്ല. മിന്നുന്നത് പൊന്നാണെന്ന് കരുതി അവർ അത് ജീവിതത്തിൽ പരീക്ഷിച്ചേക്കാം. മുൻകരുതലെടുക്കാം നല്ലൊരു നാളേക്കായി.....
നല്ലൊരു തലമുറക്കായി.......

2016, ജനുവരി 29, വെള്ളിയാഴ്‌ച

മൂവർസംഘം

മൂവർസംഘം
***************

പിരിയാതെയിരിക്കട്ടെ മൂവരും
മൂന്നുദിക്കിൽ പോയി ലയിച്ചീടിലും
മറക്കാതെയിരിക്കട്ടെ നന്മകൾ
മൂവരും ചെയ്ത മണ്ടത്തരങ്ങളും.....
ഓർക്കാതെയിരിക്കട്ടെ ചില
നാളിൽ നാം പിണങ്ങിയ നേരവും.....
കുറയാതെയിരിക്കട്ടെ നല്ല
സ്നേഹബന്ധങ്ങളൊരിക്കലും......
പിഴക്കാതെയിരിക്കട്ടെ നമ്മുടെ
യാത്രതൻ കാലടികളും....
എങ്കിൽ ചൊരിയാതിരിക്കില്ലീശ്വരൻ
സർവ്വൈശ്വര്യവും തൻ നന്മകളും........

2016, ജനുവരി 27, ബുധനാഴ്‌ച

മാറേണ്ടത്  മനോഭാവം

ക്ലാസ്സ്മുറിയിലെ ആണ്‍പെണ്‍ ഇരുപ്പുവശങ്ങളെ കുറിച്ച് ചര്‍ച്ച നടക്കുമ്പോള്‍ ഒരു കലാലയ വിദ്യാര്‍ത്ഥിയെന്ന നിലയില്‍ ഞാനൊന്നു പറയട്ടെ :  ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും അടുത്തിരിക്കണോ വേണ്ടയോ എന്നത്  അവരുടെ പക്വമായ സ്വതന്ത്രതീരുമാനങ്ങള്‍ക്ക്  വിട്ടുകൊടുക്കുന്നതാണ് നല്ലത്. (പക്വമായത് എന്നെടുത്തുപറയട്ടെ). വിദ്യ അഭ്യസിക്കുന്ന ഈ കാലഘട്ടത്തില്‍ പോലും വിശുദ്ധമായ ഒരു കാഴ്ച്ചപ്പാട്  വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വളര്‍ത്തിയെടുക്കാന്‍ സാധിച്ചില്ലെങ്കില്‍ അത് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റ പ്രശ്നമായി കണക്കാക്കേണ്ടിയിരിക്കുന്നു. കണക്കും രസതന്ത്രവുമൊക്കെ പഠിക്കുമ്പോഴും മനസിന്  പക്വത കൈവരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആ വിദ്യാഭ്യാസംകൊണ്ടുള്ള പ്രയോജനം എന്താണ്  ?. പഠനം കഴിഞ്ഞ് ജോലിമേഖലകളിലേക്ക്  കടക്കുമ്പോഴും ഈ വ്യത്യാസം നിലനില്‍ക്കുകയാണെങ്കില്‍ നാം എവിടെയാണ്  വളര്‍ച്ച നേടിയത്  ?. ഡെല്‍ഹിയിലെ സെന്റ്.സ്റ്റീഫന്‍സ് കോളേജിലെ വിദ്യാഭ്യാസരീതി കഴിഞ്ഞ ദിവസത്തെ മനോരമ ദിനപത്രത്തില്‍ വായിച്ചു. അവിടെയാരും ഈ പ്രശ്നം സൃഷ്ടിക്കാറില്ല. ആ കാഴച്ചപാടില്‍ ആരും വിഷം കലര്‍ത്താറുമില്ല. സ്ത്രീയും പുരുഷനും ഒന്നിച്ചിരുന്നാലെ സമത്വം വരൂ  എന്ന വാശി എനിക്കില്ല. എന്നാല്‍ ക്ലാസ്സ് മുറിയില്‍ ഒന്നിച്ചിരിക്കുമ്പോള്‍പ്പോലും അതിന്റെ പവിത്രത കാത്തുസുക്ഷിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പുറത്തിറങ്ങിയാല്‍ അവര്‍ക്കതങ്ങനെ സാധിക്കും ?. ഒന്നിച്ചിരിക്കുന്നുവോ ഇല്ലയോ എന്നതല്ല പ്രശ്നം മറിച്ച് നാമതിനെ എങ്ങനെ നോക്കികാണുന്നു എന്നതിലാണ്. നമ്മുടെ സഹപാഠിയെ സഹോദരനായോ സഹോദരിയായോ കാണാന്‍ സാധിക്കുകയില്ലേ എന്നതാണ്  ചോദ്യം. ഇല്ലെങ്കില്‍ നാളത്തെ പൗരന്മാരാകേണ്ട ഇന്നത്തെ കുട്ടികള്‍ക്ക്  നല്ല വ്യക്തിയാവാന്‍ ട്യൂഷന്‍ വേണ്ടി വരും.....

"വിഷത്തേക്കാള്‍ വര്‍ജ്ജ്യമാകും
നരചിത്തം ദുഷിക്കുകില്‍
സുധയേക്കാള്‍ സ്വാദ്യമാകും
അതുസംശുദ്ധിപൂണുകില്‍"

ഈ ബ്ലോഗ് തിരയൂ