LinkedIn Profile

2016, ഡിസംബർ 21, ബുധനാഴ്‌ച

വട്ടക്കുഴിയും ഡാവിഞ്ചിയും

1•••>എന്തുകൊണ്ട് ശ്രീ. ടോം വട്ടക്കുഴിയുടെ ആവിഷ്കാര സ്വാതന്ത്ര്യം തഴയപ്പെടുന്നു ???
2•••> എന്തുകൊണ്ട് ഡാവിഞ്ചിയുടെ കലാസൃഷ്ടി അംഗീകരിക്കപെടുന്നു ???
സമകാലിക കേരളത്തിൽ വളരെയധികം ചർച്ച ചെയ്യപ്പെടുകയും, ചർച്ച ചെയ്യപ്പെടാതെ പോവുകയും ചെയ്യുന്ന രണ്ട് ചോദ്യങ്ങളാണിവ. ഒരു വ്യക്തിയുടെ ഭാവനയിൽ വിരിഞ്ഞൊരു കലാസൃഷ്ടിയെ ലോകം മുഴുവൻ അംഗീകരിക്കുകയും, മറ്റൊരു വ്യക്തിയുടെ ഭാവനയെ ഒരു ചെറുസമൂഹത്തിന് പോലും അംഗീകരിക്കാൻ കഴിയാത്തതിന്റെയും ആശയ വൈരുദ്ധ്യത ഒന്ന് ഇരുത്തി ചിന്തിക്കേണ്ടത് തന്നെയാണ്.
ഒരു കത്തോലിക്കാ വിശ്വാസി എന്ന നിലയിലും ഒരു മനഃശാസ്ത്ര വിദ്യാർത്ഥി എന്ന നിലയിലും ഈ സംഭവത്തെ വ്യത്യസ്തമായ ഒരു ചിന്തയിലേക്ക് നയിക്കാനാണ് എന്റെ ആഗ്രഹം.

(NB: വായിക്കുന്നവർ മുഴുവൻ വായിക്കണേ)

ഒരു വ്യക്തമായ ആശയത്തെ അത് റിയാലിറ്റിയായാലും, ഫാന്റസിയായാലും ആസ്വാദകനിലേക്ക് പൂർണ്ണമായി പകർന്ന് കൊടുക്കാൻ സാധിക്കുന്നിടത്താണ് കല വിജയിക്കുന്നത്. പങ്കുവെച്ച ആശയം എന്തെന്ന് കണ്ടുപിടിക്കാൻ സാധിക്കാത്ത ഒരു ആശയക്കുഴപ്പത്തിലേക്കാണ് ഒരു കലാസൃഷ്ടി പ്രേക്ഷകനെ നയിക്കുന്നത് എങ്കിൽ തീർച്ചയായും ആശയസംവേദനത്തിലെ വീഴ്ച്ച തന്നെയാണത്.
പല അഭിപ്രായങ്ങൾ അതിന്റെ പേരിൽ ഉരുത്തിരിഞ്ഞാൽ തെറ്റ് പറയാനാവില്ല. അത് ചിത്രരചനയായാലും, സിനിമയായാലും,പെയിന്റിംഗായാലും,പാട്ടും നൃത്തവുമായാലും സംഗതിയുടെ കിടപ്പ് ഇങ്ങനെതന്നെയാണ്.
സി.ഗോപൻ ചാരസുന്ദരി 'മാതാഹരി'യെക്കുറിച്ച് തയാറാക്കിയ നാടകത്തിന് വേണ്ടി ടോം വട്ടക്കുഴി രചിച്ച ചിത്രത്തിനും സംഭവിച്ചത് ഈ ആശയകൈമാറ്റത്തിലെ പാളിച്ചയാണ്.( അദ്ദേഹത്തിന്റെ മറ്റുചിത്രങ്ങൾ വളരെ ഇഷ്ടമാണ്. പക്ഷെ പ്രസ്തുത ചിത്രം ഏറെ നിരാശപ്പെടുത്തി) പക്ഷെ അതിനെ ആശയ അവ്യക്തത എന്ന പേരിൽ നിസ്സാരവത്കരിക്കാനാവില്ല. ആ പാളിച്ച വിള്ളലേല്പിച്ചത്  ഒട്ടേറെപ്പേർ വർഷങ്ങളായി കാത്തുസൂക്ഷിച്ച ഒരു മനോഹരസങ്കല്പത്തിനാണ് (സങ്കല്പം എന്ന് ഉദ്ദേശിച്ചത് ഈശോയുടെ അന്ത്യഅത്താഴത്തെ പറ്റിയുള്ള ഡാവിഞ്ചിയുടെ സങ്കല്പത്തെയാണ്, അല്ലാതെ, അന്ത്യഅത്താഴം ഒരു സങ്കല്പമല്ല). 
കത്തോലിക്കാവിശ്വാസത്തെ മനഃപ്പൂർവ്വം വൃണപ്പെടുത്തുക എന്ന ഉദ്ദേശം അദ്ദേഹത്തിന് ഉണ്ടായിരിക്കണമെന്നില്ല. എന്നാൽ അങ്ങനെ സംഭവിച്ചത് നിഷേധിക്കാനുമാവില്ല.
ഒന്നുകിൽ തന്റെ ആശയം വ്യക്തമായി അവതരിപ്പിക്കാൻ അദ്ദേഹത്തിനായില്ല, അതല്ലെങ്കിൽ അതിന്റെ പ്രേക്ഷകർക്ക് ആ സൃഷ്ടി വായിച്ചെടുക്കാനുള്ള അറിവില്ല, അതുമല്ലെങ്കിൽ എത്തപ്പെടേണ്ട കൈകളിലേക്കല്ല അത് എത്തിചേർന്നിരിക്കുന്നത്, കൂടെയുള്ള വിവരണം വായിച്ചില്ല എന്നിങ്ങനെ നിരവധി കാരണങ്ങൾ നിരത്തിയാലും ഈ ആശയക്കുഴപ്പത്തിന് കാരണം പ്രേക്ഷകനാണ് എന്നുപറഞ്ഞു ഈ തെറ്റിൽ നിന്ന് ഒഴിവാകാനാവില്ല.
കലയുടെ മായക്കൂട്ടിലേക്ക് പണ്ട് കാലത്തെപ്പോലെ  രതിയുടെയും, പ്രണയത്തിന്റെയും,നഗ്നതയുടെയും,കലാപത്തിന്റെയും, രസങ്ങൾ കൂട്ടിച്ചേർത്തെങ്കിൽ മാത്രമേ അതിന് ഭംഗിയുണ്ടാവുകയുള്ളു എന്നൊരു മിഥ്യാധാരണ കൂടുതലായി നവീനകാലഘട്ടത്തിലും ശക്തിയാർജ്ജിച്ചു നിൽക്കുന്നു.
ഈ കാഴ്ച്ചപ്പാട് തന്നെ വളരെ ദുഃഖകരമാണ്.

എന്തുകൊണ്ട് സ്ത്രീയുടെ നഗ്നതമാത്രം ചിത്രീകരിക്കപ്പെടുന്നു...???

എന്തുകൊണ്ട് പുരുഷന്റെ നഗ്നതയിലേക്ക് ആരും ഈ കച്ചവട ചിന്ത പൂശുന്നില്ല...???

എന്ന് നമ്മുടെയിടയിൽ നിന്നും ഒരു പെൺശബ്ദമുയർന്നാൽ സ്ത്രീ സൗന്ദര്യത്തെ വെറും ഉപഭോഗവസ്തുവായി കണ്ട് പാർശ്വവൽക്കരിക്കുന്ന മേഖലകൾ എല്ലാം ഉത്തരം മുട്ടിപോകും.
ഇത്തരത്തിൽ ചേർക്കപ്പെടുന്ന രസങ്ങളാണ് ഇവയുടെ വിജയം നിർണ്ണയിക്കുന്നത് എന്ന വികലമായ ചിന്ത തന്നെ മാറണം.
ഇനി, ചിത്രം എങ്ങനെ വരക്കണം, എവിടെ വരക്കണം, ആരെ വരക്കണം, എങ്ങനെ ചായം പൂശണം എന്നിങ്ങനെയൊക്കെയുള്ളത് ആവിഷ്കാര സ്വാതന്ത്രമായി വാദിക്കുന്നവരോട് :
തീർച്ചയായും അത് ആവിഷ്കാര സ്വാതന്ത്രം തന്നെയാണ് എന്നാൽ, അത് മറ്റുള്ളവരുടെ വിശ്വാസത്തെ അവഹേളിക്കുന്ന തരത്തിലാവുമ്പോഴാണ് പ്രതിക്ഷേധങ്ങൾ ഉണ്ടാവുന്നത്. (പ്രതിക്ഷേധത്തിന്റ പേരിൽ ആ ചിത്രം പ്രചരിപ്പിക്കുന്നവരോട് ശക്തമായ അമർഷമുണ്ട്)
ഒരു പെണ്ണിന്റെ മാറ് കണ്ടപ്പോഴേ കുരു പൊട്ടിയോ എന്ന് ചോദിക്കുന്ന സഹോദരന്മാരോട് :
ഇന്നലെ വരെ നിങ്ങൾ കണ്ട അമ്മയേയും പെങ്ങളേയും ആവിഷ്കാര സ്വാതന്ത്രത്തിന്റെ പേരിൽ നാളെ മാറ് മറക്കാത്തവരായി ചിത്രീകരിച്ചാലുള്ള അവസ്ഥ അനുഭവിക്കുമ്പോൾ തീരാവുന്നതെയുള്ളു നിങ്ങളുടെയൊക്കെ പ്രശ്നങ്ങൾ.
ഇനി മലയാള മനോരമയോട് :
പ്രേക്ഷകന്റെ മനസ്സറിഞ്ഞ് എന്നാൽ മാധ്യമധർമ്മം കൈവിടാതെ നിലപാടുകൾ എടുക്കുന്നതാണ് ഓരോ മാധ്യമത്തിന്റെയും കടമ. എന്നാലിന്ന് മനോരമക്ക് മാത്രമല്ല, എല്ലാ മാധ്യമത്തിനും അവരുടേതായ രഹസ്യ അജണ്ടയുണ്ട്. മനോരമ അവരുടെ അജണ്ടയുടെ സ്വാധീനം മൂലമോ അല്ലാതെയോ ആകാം ഭാഷാപോഷിണിയിൽ പ്രസ്തുത ചിത്രം പ്രസിദ്ധീകരിച്ചത്. കാരണം എന്തായാലും, ചിത്രം ഉപഭോക്താവിന് ആശയക്കുഴപ്പം സൃഷ്ടിക്കുന്നതാണോ, അവരുടെ എന്തെങ്കിലും സ്വാതന്ത്രത്തെ ഹനിക്കുന്നതാണോ എന്നൊക്കെ വിലയിരുത്തി, പ്രസിദ്ധീകരണങ്ങൾ നടത്തുക എന്നത് മനോരമയുടെ കടമയായിരുന്നു. അതിൽ സാരമായ വീഴ്ച്ച മനോരമയ്ക്ക് പറ്റിയിട്ടുണ്ട്.
ഒരുകാര്യം കൂടി, നല്ല കലാസൃഷ്ടികളെ ലോകം എന്നും കയ്യും നീട്ടി സ്വീകരിച്ചിട്ടേയുള്ളൂ....
അതിനാലാണ് ഡാവിഞ്ചിയും മൈക്കൽ ആഞ്ചലോയും ഒക്കെ സഭയിൽ അംഗീകരിക്കപ്പെട്ടതും. പ്രസ്തുത ചിത്രം തഴയപ്പെട്ടതും
കലയിൽ വെളളം ചേരാതിരിക്കട്ടെ.....
(NB : ഇത് തികച്ചും വ്യക്തിപരമായ അഭിപ്രായം മാത്രമാണ്. നിർദ്ദേശങ്ങൾ ശരിയെന്ന് തോന്നിയാൽ അംഗീകരിക്കുന്നതാണ്. )

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗ് തിരയൂ